Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Monday, December 5, 2011

Check out Palakkad District News, Local News,പാലക്കാട്‌ , ,മനുഷ്യാന്തസ്സ് സംരക്ഷിക്കാന്‍ കൈകോര്‍ത്ത് വിദ്യാര്‍ഥിനികള്‍ ,Kerala - Mathrubhumi

Palakkad District News, Local News,പാലക്കാട്‌ , ,മനുഷ്യാന്തസ്സ് സംരക്ഷിക്കാന്‍ കൈകോര്‍ത്ത് വിദ്യാര്‍ഥിനികള്‍ ,Kerala - Mathrubhumi
മനുഷ്യാന്തസ്സ് സംരക്ഷിക്കാന്‍ കൈകോര്‍ത്ത് വിദ്യാര്‍ഥിനികള്‍
Posted on: 06 Dec 2011


പാലക്കാട്: 'ജീവിക്കാനും മരിക്കാനും അവകാശമില്ലാത്തവര്‍' എന്ന ബാനറിനുതാഴെ വയറുന്തി കൈകാലുകള്‍ശോഷിച്ച് മുഴകള്‍ പൊന്തിയ മുഖവുമായിരിക്കുന്ന മനുഷ്യക്കോലം. എന്‍ഡോസള്‍ഫാന്റെ ഇരകളുടെ ദൈന്യത വിളിച്ചോതുന്ന ജീവനോടെയുള്ള ഈ പ്രതിമയിലാണ് 'ഹ്യൂമന്‍ ഡിഗ്‌നിറ്റി ഡേ'യുടെ സ്റ്റാച്യുപ്രദര്‍ശനത്തിന് തുടക്കം.

മനുഷ്യാവകാശ സംരക്ഷണ കൗണ്‍സിലിന്റെയും ഗവ. മോയന്‍ ഗേള്‍സ് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ മോയന്‍ സ്‌കൂളില്‍ നടത്തിയ പരിപാടിയിലാണ് വിദ്യാര്‍ഥിനികള്‍ വേഷമിട്ട് മനുഷ്യാന്തസ്സിനായി പ്രതിമകളായി അണിനിരന്നത്.

ആത്മഹത്യചെയ്ത കര്‍ഷകര്‍, ശവസംസ്‌കാരത്തിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ക്ക് മൂകസാക്ഷിയായി കിടക്കുന്ന മൃതശരീരം, പെണ്‍വാണിഭസംഘത്തില്‍ ഹോമിക്കപ്പെടുന്ന പെണ്‍കുട്ടികള്‍, വിവാഹകമ്പോളത്തില്‍ വില്പനച്ചരക്കാവുന്ന യുവതികള്‍, സമ്പത്തില്ലാത്തതിനാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന തലമുറ, ചികിത്സ കിട്ടാക്കനിയായ നിര്‍ധനര്‍... മനുഷ്യാവകാശനിഷേധത്തിന്റെ 50ഓളം കാഴ്ചകളാണ് പ്രച്ഛന്നവേഷമിട്ട വിദ്യാര്‍ഥിനികളിലൂടെ സംഘാടകര്‍ തുറന്നുകാട്ടിയത്.

കാടും നാടുമില്ലാതെ അലയുന്ന ആദിവാസികളും വികസനത്തിന്റെ മറവില്‍ കുടിയൊഴിക്കപ്പെടുന്നവരും അവഗണിക്കപ്പെട്ട പാരമ്പര്യത്തൊഴിലാളികളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫീസിനുമുന്നില്‍ 'ഒന്നുകൂടി നടക്കട്ടെ, അല്ലെങ്കില്‍ കാണേണ്ടപോലെ കാണട്ടെ' എന്ന ചുമരെഴുത്ത് ചിരിക്കാന്‍വകനല്‍കുന്നതാണ്.

ഒരു പ്രമുഖ വാര്‍ത്താചാനല്‍ മുന്‍സുപ്രീംകോടതി ജസ്റ്റിസിന്റെ ചിത്രം തെറ്റായി ഉപയോഗിച്ചതിന് നേരിടേണ്ടിവന്ന നിയമനടപടിയെ മനുഷ്യാവകാശ സംരക്ഷണത്തിലെ 'പൊന്‍തൂവല്‍' എന്നുവിശേഷിപ്പിച്ച് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. മോയന്‍ സ്‌കൂളിലെ എട്ട്, ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ 150 വിദ്യാര്‍ഥിനികളാണ് മനുഷ്യാന്തസ്സ് സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കാളികളായത്. തിങ്കളാഴ്ചരാവിലെ മുതല്‍ വൈകുന്നേരംവരെയായിരുന്നു പ്രദര്‍ശനം.

സ്റ്റാച്യു എക്‌സിബിഷന്‍ ഡോ. എം.എന്‍. കാരശ്ശേരി ഉദ്ഘാടനംചെയ്തു. കൗണ്‍സിലിന്റെ സംസ്ഥാനസെക്രട്ടറി ജയശ്രീ ചാത്തനാത്ത് അധ്യക്ഷയായി. 'മനുഷ്യാന്തസ്സി'നെക്കുറിച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ധര്‍മ്മജ മുഖ്യപ്രഭാഷണം നടത്തി. മോയന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ.എന്‍. ലളിത, ഡി.ഇ.ഒ. പി.ആര്‍. വിജയനുണ്ണി, അഡ്വ. ശ്രീകുമാര്‍, കെ.ടി. ബാലകൃഷ്ണന്‍, കെ. നാരായണന്‍കുട്ടി, അഡ്വ. ഷാജി, ഡോ. സി.ടി. വില്ല്യംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...